കേരളം പൊള്ളുന്നു;പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകിട്ട് മൂന്നു മണിയ്ക്കാണ്.

കൂടാതെ, സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ-ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക. ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ,പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക

അങ്കണവാടികളിലും മറ്റും കുട്ടികള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ എയര്‍കൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Top