ലൈറ്റ്മെട്രോ;കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ഡിഎംആര്‍സി പിന്‍മാറിയെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാറിന്റെ കാലാവധി അവസാനിച്ചതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്നും പിന്‍മാറിയതെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിട്ടില്ലെന്നും, കൊച്ചി മെട്രോ ഇപ്പോള്‍ നഷ്ടത്തിലായതിനാല്‍ സാമ്പത്തിക വശം കൂടി പരിശോധിച്ചായിരിക്കും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡി.എം.ആര്‍.സിയുടെ പിന്‍മാറലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എം.എല്‍.എ വി.എസ് ശിവകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, പാത വികസനത്തിനും സ്ഥലമെടുപ്പിനും സര്‍ക്കാര്‍ അനുമതി നല്‍കി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും, ഡിഎംആര്‍സി തയ്യാറാക്കിയ അനുബന്ധരേഖ പരിശോധിക്കുന്നതിന് ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചു കഴിഞ്ഞെന്നും, സമിതിയുടെ പരിശോധനയ്ക്കുശേഷം സര്‍ക്കാരിന്റെ അംഗീകാരത്തോടെ കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുന്നതാണെന്നും മുഖ്യന്ത്രി കൂട്ടിച്ചേര്‍ത്തു.

Top