അഴിമതിമുക്ത സംസ്ഥാനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം; വ്യക്തമാക്കി മുഖ്യമന്ത്രി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അഴിമതിമുക്ത സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നതാണ് സര്‍ക്കാര്‍ നയമെന്നും എന്നാല്‍ എന്ത് ചെയ്താലും സംരംക്ഷിക്കുമെന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും രംഗത്തു വന്നിരുന്നു. ഒരാളുടെ കഥ പുറത്ത് വന്നിട്ടുണ്ടെന്നും അയാള്‍ അനുഭവിക്കാന്‍ പോവുകയാണെന്നും മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മൂന്ന് വര്‍ഷം 20,000 കോടി രൂപയാണ് പെന്‍ഷനായി നല്‍കിയത്. 1,70,765 പട്ടയമാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കി. ബാക്കിയുള്ളതും സമയബന്ധിതമായി നല്‍കും, അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. സി.എ.ജിയുടെ ഏത് പരിശോധനയ്ക്കും സര്‍ക്കാര്‍ തടസമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ എന്നിവ വലിയതോതില്‍ മുന്നേറി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം വലിയ തിരക്കാണുള്ളത്. വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top