ക്യാന്‍സര്‍ ഇല്ലാതെ കീമോയ്ക്ക് വിധേയയാകേണ്ടി വന്ന രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്യാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് രജനിയ്ക്ക് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കിയിരുന്നു.

കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചു കൊണ്ടാണ് ധനസഹായം അനുവദിക്കുന്നത്. നേരത്തെ, തിരുവോണ നാളില്‍ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ രജനി സമരം നടത്തിയിരുന്നു.

ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം.

Top