ബന്ധു നിയമന വിവാദം; കുറ്റിപ്പുറത്ത് ജയിച്ചത് മുതല്‍ ലീഗ് തന്നെ വേട്ടയാടുന്നുവെന്ന് കെ.ടി ജലീല്‍

Kt Jaleel

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ, കോടിയേരിയോ വിശദീകരണം തേടിയിട്ടില്ലെന്ന് കെടി ജലീല്‍. കോടിയേരിയെ കണ്ടത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും കുറ്റിപ്പുറത്ത് ജയിച്ചത് മുതല്‍ ലീഗ് തന്നെ വേട്ടയാടുകയാണെന്നും കെടി ജലീല്‍ പറഞ്ഞു.

ബന്ധുനിയമന വിവാദം സംബന്ധിച്ച് മന്ത്രി കെ.ടി.ജലീൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചർച്ച ചെയ്യാനിരിക്കെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

ബന്ധു നിയമന വിവാദത്തിൽ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോർട്ട് എത്തിയിരുന്നു. നിയമനത്തിൽ അപേക്ഷിച്ച നാലു പേർക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാൾ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരിൽ എസ്ബിഐ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

ജലീൽ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.

ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെയാണ് ഒഴിവാക്കിയത്. ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതിൽ തെറ്റില്ലെന്നാണ് ജലീൽ ഇക്കാര്യത്തിൽ ഉന്നയിച്ച വിശദീകരണം

Top