തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയവരെ കണ്ടെത്തി; മുഖ്യമന്ത്രി

തിരുവനന്തപുരം: നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയ എല്ലാവരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബോധപൂര്‍വമുള്ള ഒട്ടേറെ വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അതുകൊണ്ടാണ് ഈ വിവരം പ്രത്യേകമായി എടുത്ത് പറയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

കൊവിഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിമാനത്താവളങ്ങള്‍ അടച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും വിദേശത്ത് നിന്ന് വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരെ പറ്റി സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു.

പുറത്തുവിടുന്ന കണക്കുകള്‍ ശരിയായ വസ്തുതയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണോയെന്ന് സംശയിക്കുന്നു. കണക്കുകളും വിവരങ്ങളും പുറത്ത് വിടുന്നതില്‍ കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 8 പേര്‍ രോഗമുക്തരായി.

Top