മാസ്‌കുകള്‍ക്ക് ക്ഷാമവും വിലക്കയറ്റവും നേരിടുന്നു; മാസ്‌കുകള്‍ ജയിലില്‍ നിര്‍മ്മിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവര്‍ധനവും നേരിടുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകര്‍ച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തില്‍ ജയില്‍ അന്തേവാസികളും തങ്ങളാല്‍ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.

Top