ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിയ്ക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത ; കെ സുരേന്ദ്രന്‍

കോഴിക്കോട്: ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കസ്റ്റംസ് കോടതിയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ വാദത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ അതല്ല മറ്റെന്തെങ്കിലും ധാരണയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിക്കുക. വിദേശ രാജ്യത്തുള്ള സന്നദ്ധ സംഘടന ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് പറയുന്നത്. ആ സഹായത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്നയും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top