വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ്; മുഖ്യമന്ത്രി കത്ത് നൽകി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയാണ് തള്ളിയത്.

അതേസമയം, കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പങ്കുള്ളവരെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തിരുനാവായ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പൊലീസും തിരൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കാര്യമായ കേടുപാട് പറ്റിയിട്ടില്ലെന്നും ചെറിയ അടയാളം മാത്രമാണുണ്ടായതെന്നും റെയിൽവേ അറിയിച്ചു. ഷൊർണൂരിൽ പരിശോധന നടത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയിൽവേ അറിയിച്ചു.

Top