വാഗ്ദാനങ്ങൾ നടപ്പാക്കി സർക്കാർ, ഭൂമാഫിയക്ക് മൂക്കുകയറിടാനും നടപടി

തൊരു ചരിത്ര നിമിഷമാണ്. 13534 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി മാറുമ്പോള്‍ തീര്‍ച്ചയായും അത് ചെങ്കൊടിയുടെ തിളക്കമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉള്ളത് കൂടിയാണെന്നാണ് പിണറായി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്. വാഗ്ദാനങ്ങളെ എന്നും വാഗ്ദാനങ്ങളായി മാത്രം നിലനിര്‍ത്തുന്നവര്‍ കണ്ടു പഠിക്കേണ്ട പാഠമാണിത്. 12000 പേര്‍ക്കാണ് നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചതെങ്കിലും സാങ്കേതികത്വം പരമാവധി ലഘൂകരിച്ച് കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കാന്‍ ഒടുവില്‍ തീരുമാനിക്കുകയാണുണ്ടായത്.

ഇതിന് തീര്‍ച്ചയായും റവന്യൂ മന്ത്രി കെ രാജനെയാണ് അഭിനന്ദിക്കേണ്ടത്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീര്‍ ഇനിയും ഈ മണ്ണില്‍ വീഴരുതെന്നാണ് ഈ കമ്യൂണിസ്റ്റ് ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ചു തന്നെയാണ് തന്റെ മുന്നില്‍ വരുന്ന ഫയലുകളില്‍ റവന്യൂ മന്ത്രി തീരുമാനങ്ങളും എടുത്തു വരുന്നത്. സാങ്കേതിക – നിയമക്കുരുക്കുകളില്‍പ്പെട്ട് ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്നത് വലിയ ഒരു വിഭാഗത്തിനായിരുന്നു. ഇവര്‍ക്ക് കൂടി പട്ടയം ലഭ്യമാക്കിയതോടെ ഇതിന്റെ പൂര്‍ണ്ണമായ ക്രഡിറ്റും ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാറിനുമാത്രം അവകാശപ്പെട്ടതായിരിക്കുകയാണ്.

1.75 ലക്ഷത്തോളം പട്ടയം 2016 – 2021 കാലയളവിലാണ് വിതരണം ചെയ്തിരുന്നത്. സര്‍വകാല റെക്കോഡാണിത്. ജനങ്ങള്‍ പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ച നല്‍കിയപ്പോള്‍ പട്ടയം നല്‍കുന്നതിന്റെ തുടര്‍ച്ച കൂടിയാണ് വേഗത്തിലായിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ അര്‍ഹര്‍ക്കെല്ലാം പട്ടയം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഭൂമി ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ മുഴുവന്‍ പട്ടികജാതി കുടുംബത്തിനും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടവും നിര്‍മ്മിച്ചു നല്‍കും. ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ ദ്രുതഗതിയിലാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെയെല്ലാം തുടക്കമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 13534കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തിരിക്കുന്നത്. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് ഈ മഹാപട്ടയമേള നടന്നിരിക്കുന്നത്. കേരളാ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായ പട്ടയമേളയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഭൂരഹിതര്‍ക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ആദിവാസികളുടെ ഭൂപ്രശ്‌ന പരിഹാരത്തിനായി തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തും. യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും എളുപ്പത്തില്‍ കഴിയും. അതേസമയം മിച്ചഭൂമിയും അതുപോലെ അനധികൃതമായി കൈവശം വെച്ചിട്ടുള്ള മറ്റു ഭൂമികളും കണ്ടെത്തുന്നതിനുവേണ്ടി ശക്തമായ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി തന്നെ ഇക്കാര്യത്തില്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമാഫിയകളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലന്നാണ് മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭൂരഹിതരുമായവര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കുവാനും റവന്യൂ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഡിജിറ്റല്‍ സര്‍വ്വേകളാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് വേണ്ടി ഒന്നാം ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളക്ക് ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

Top