ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ല, ഓര്‍മിക്കുന്നത് നല്ലത്: ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേല്‍ റസിഡന്റുമാര്‍ ഇല്ലെന്നത് ഓര്‍ക്കുന്നതു നന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇ.കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

‘പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന്‌ അധികാരം നല്‍കിയതെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭയ്ക്കുണ്ടെന്നാണ്. നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന് ലഭിക്കും’ – മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതാദ്യമായാണ് ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നത്.

Top