പിണറായിയെ ‘വേട്ടയാടിയവർ ‘ ഒടുവിൽ പ്രതിരോധത്തിൽ, ഇതാണ് കാവ്യനീതി

ഫോട്ടോകളും മൊബൈല്‍ രേഖകളും മുന്‍നിര്‍ത്തി ‘വേട്ടയാടി വിളയാടുന്ന’ മാധ്യമങ്ങള്‍, ഇനിയെങ്കിലും ആ ഏര്‍പ്പാടുകള്‍ നിര്‍ത്തണം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളില്‍ കാണുന്നവരെല്ലാം, ഒരു ‘കടത്തുകാരുമല്ല’. മുന്നില്‍ കാണുന്നവനെ സ്‌കാന്‍ ചെയ്ത്, മനസ്സിലുള്ളത് കണ്ടു പിടിക്കാനുള്ള ഒരു വിദ്യയും, ഇവര്‍ക്കാര്‍ക്കും അറിയുകയുമില്ല. അങ്ങനെ അറിയുമായിരുന്നെങ്കില്‍ ഒരിക്കലും, മാധ്യമ പ്രവര്‍ത്തകരടക്കം ഇങ്ങനെ വെട്ടില്‍ വീഴില്ലായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം, അയ്യപ്പദാസും സ്മൃതിയും നില്‍ക്കുന്ന ഫോട്ടോകള്‍, വ്യാപകമായാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ഇത്തരം ഒരു ഏര്‍പ്പാടിനും കൂട്ട് നില്‍ക്കില്ല എന്നത്, പകല്‍പോലെ വ്യക്തമാണ്. വാര്‍ത്താ ലോകത്തെ സെലിബ്രിറ്റികളായതിനാല്‍, സ്വാഭാവികമായി സംഭവിച്ച ഒരു ഫോട്ടോയെടുപ്പാണിത്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് മനസ്സിലാക്കാനും സാധിക്കും. ഈ മാധ്യമ തീപ്പൊരികള്‍ക്ക്, മാധ്യമങ്ങള്‍ നല്‍കുന്ന ആനുകൂല്യം പക്ഷേ, സാക്ഷാല്‍ മുഖ്യമന്ത്രിക്ക് പോലും, ആരും നല്‍കിയിട്ടില്ല.

സ്വപ്ന സുരേഷുമൊത്തുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ, വ്യാപകമായാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ചാനലുകളില്‍, അന്തി ചര്‍ച്ചകളും ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. യു.എ.ഇ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍, അവരുടെ ക്ഷണം സ്വീകരിച്ചു പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചിത്രമാണ്, ഇങ്ങനെ, ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

രമേശ് ചെന്നിത്തലയുമൊത്തുള്ള സ്വപ്‌നയുടെ ഫോട്ടോകള്‍പോലും പല മാധ്യമങ്ങളും അവഗണിക്കുകയുണ്ടായി. മാധ്യമങ്ങളുടെ രാഷ്ട്രീയ ‘അജണ്ട’ വ്യക്തമാക്കുന്ന നിലപാടുകളായിരുന്നു ഇതും. പിന്നീട്, മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍വെച്ചും, ഏകപക്ഷീയമായാണ് സര്‍ക്കാറിനെ മാധ്യമങ്ങള്‍ വേട്ടയാടിയത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ജലീല്‍ സ്വപ്‌നയുമായി ആശയവിനിമയം നടത്തിയിരുന്നത്. തെളിവുകള്‍ സഹിതം മന്ത്രി ജലീല്‍ വിശദീകരണം നല്‍കിയിട്ടും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അദ്ദേഹത്തിനെതിരായ കടന്നാക്രമണം തുടരുകയാണ്. പ്രതിപക്ഷ നേതാക്കളും ഈ ആക്ഷേപത്തിന് എരിവ് പകര്‍ന്നിപ്പോള്‍ രംഗത്തുണ്ട്.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ദൃശ്യങ്ങള്‍ മുന്‍ നിര്‍ത്തി ആക്രമിച്ചതും മുന്‍വിധിയോടെയായിരുന്നു. സ്വപ്ന യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാതെയുള്ള ഇടപെടല്‍ തന്നെയായിരുന്നു, ഇവിടെയും നടന്നിരുന്നത്. യു. എ. ഇ കോണ്‍സുലേറ്റിലെ ഉന്നത എന്ന നിലയിലാണ് ഇവരെല്ലാവരും സ്വപ്നയുമായി ഇടപെട്ടിരിക്കുന്നത്. അയ്യപ്പദാസിനും സ്മൃതിക്കും പറ്റിയ അബദ്ധത്തിന്റെ മറ്റൊരു പതിപ്പാണിത്. മാധ്യമപ്രവര്‍ത്തകരുടേത് അബദ്ധത്തില്‍ പറ്റിയതാണെങ്കില്‍, ഇപ്പറഞ്ഞ രാഷ്ട്രീയക്കാരുടേതും അബദ്ധം തന്നെയായിരിക്കും.

ഇവിടെ യഥാര്‍ത്ഥത്തില്‍ വീഴ്ച പറ്റിയത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിക്കും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിക്കും ഒരു പോലെ വീഴ്ച പറ്റിയിട്ടുണ്ട്. അത് സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മാത്രമല്ല, സ്വപ്ന യു.എ.ഇ കോണ്‍സുലേറ്റില്‍ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമായിരുന്നു. ഒരു കുറ്റകൃത്യം ഉണ്ടാവുന്നതിനു മുന്‍പ് അത് കണ്ടെത്തുന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മിടുക്ക്. സ്വപ്ന അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നെങ്കില്‍, വളരെ മുന്‍പേ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയുമായിരുന്നു.

ക്രൈംബ്രാഞ്ചിലെ അന്വേഷണം സംബന്ധിച്ചും ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബാഞ്ചിലുള്ളവര്‍ക്കും വീഴ്ച്ചകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെയെല്ലാം പരിണിത ഫലം കൂടിയാണ്, ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന വിവാദങ്ങള്‍. മാധ്യമങ്ങളും, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കേണ്ടത്.

ഒരു ഫോട്ടോയോ, ഫോണ്‍ വിളിയോ മാത്രം കേന്ദ്രികരിച്ച് ഒരിക്കലും ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുക തന്നെ വേണം’. അതേ സമയം ഒപ്പ് തിന്നാത്തവനെ വെള്ളം കുടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത്. അത് ശരിക്കും തിരിച്ചടിക്കും. മാധ്യമങ്ങള്‍ ഏകപക്ഷീയമായി കടന്നാക്രമണം നടത്തുന്നത് കൊണ്ടാണ്, മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സ്മാര്‍ട്ട് ഫോണുള്ള പുതിയ കാലത്ത്, ആരുമായും ഒരുമിച്ചൊരു ഫോട്ടോ, വലിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് പൊതുപരിപാടികളില്‍, അത് സാധ്യവുമാണ്. മുന്‍പ് സൂചിപ്പിച്ചത് പോലെ, ഫോട്ടോക്ക് ഒപ്പം വന്ന് നില്‍ക്കുന്നവരുടെ ചരിത്രം, അപ്പോള്‍ ആര്‍ക്കും തന്നെ ചികയാന്‍ കഴിയുകയില്ല. ഇക്കാര്യം എല്ലാവരും ഓര്‍ക്കുന്നതും നല്ലതാണ്.

സ്വപ്നയുടെയും മറ്റു പ്രതികളുടെയും ഫോണ്‍ കോള്‍ ലിസ്റ്റില്‍ ആരൊക്കെ വന്നു ? ആരോടൊപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തായത്, എന്നതിലല്ല കാര്യം, ആര് ഇവരെ സഹായിച്ചു എന്നതാണ് കണ്ടെത്തേണ്ടത്. അതു തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും. തന്റെ സൗഹൃദങ്ങള്‍ സ്വപ്ന ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍, പുറത്തുവരേണ്ടത് അതാണ്. കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പുരോഗമിക്കുന്നതോടെ, ഇക്കാര്യത്തിലും വ്യക്തത കൈവരും. അതുവരെ കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഇക്കാര്യത്തില്‍, രാഷ്ട്രീയ താല്‍പ്പര്യത്തോടെ കേന്ദ്ര സര്‍ക്കാറും കാര്യങ്ങളെ നോക്കി കാണരുത്. ബി.ജെ.പി നേതാവുമൊത്തുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ ഫോട്ടോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി അനുകൂല ടി.വി ചാനലിന്റെ എഡിറ്റര്‍ക്കെതിരെയും ഫോണ്‍ രേഖകള്‍ പുറത്ത് വന്നു കഴിഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ഇങ്ങനെ തങ്ങള്‍ക്ക് ലഭിക്കുന്ന തെളിവുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയാല്‍, അത് കേസന്വേഷണത്തെയാണ് ബാധിക്കുക.

വളരെ ഗുരുതരമായ സംഭവമാണ് ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത്. രാജ്യത്തെ ആദ്യ സംഭവമാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും, നിയമത്തിന് മുന്നില്‍ വരേണ്ടത് അനിവാര്യമായ കാര്യമാണ്. അന്വേഷണ ഏജന്‍സികള്‍ യാഥാര്‍ത്ഥ്യം കണ്ടു പിടിക്കട്ടെ. പക്ഷാപാതപരമായാണ് അന്വേഷണം നടന്നതെങ്കില്‍ അത് പ്രതികള്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരവുമുണ്ട്. കോടതി അന്തിമ വിധി പുറപ്പെടുവിക്കുമ്പോള്‍ മാത്രമാണ് ഈ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരിക. അതുവരെ എല്ലാം കുറ്റാരോപണങ്ങള്‍ മാത്രമായിരിക്കും. സ്വര്‍ണ്ണക്കടത്ത് സംഭവിച്ച് കഴിഞ്ഞ ഒരു കുറ്റകൃത്യമാണ്. പ്രതികളെയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി കണ്ടെത്താനുള്ളത് സഹായികളെയാണ്.

ഇതിനിടയില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കടന്ന് കയറിയതാണ് സംഭവം ഇപ്പോള്‍, സെന്‍സേഷനാക്കിയിരിക്കുന്നത്. സ്വപ്നയുടെ സുഹൃത്തായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്താക്കി കഴിഞ്ഞു. ഇദ്ദേഹം കേസില്‍ പ്രതിയാകുകയാണെങ്കില്‍ മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരും.ഐ.എ.എസ് കേന്ദ്ര സര്‍വ്വീസായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. എല്ലാ ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാറിന് മേല്‍ മാത്രം, ഒരിക്കലും കെട്ടി വയ്ക്കരുത്. അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോര്‍ട്ട് ലഭ്യമാകുന്നത് കേന്ദ്ര സര്‍ക്കാറിനാണ്. ഐ.ബിയുടെയും റോയുടെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതും മോദി സര്‍ക്കാറിനാണ്. കേന്ദ്ര സര്‍വ്വീസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം, ജൂലൈ 16വരെ കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല. ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടാണ്. ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷം ഇക്കാര്യം കൂടി ഓര്‍ക്കണം. പിണറായി സര്‍ക്കാറിനോട് ഒരു ഔദാര്യവും കാണിക്കാത്ത സര്‍ക്കാറാണ് മോദി സര്‍ക്കാര്‍ എന്നതും ഓര്‍ത്ത് കൊള്ളണം.

Top