പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനം, ഏഷ്യാനെറ്റ് സർവേയോ ?

കേരള രാഷ്ട്രീയം ഇപ്പോള്‍ പുതിയ വഴിതിരിവിലാണ്. ഒരു സ്വര്‍ണ്ണക്കടത്തിനെ കേന്ദ്രീകരിച്ചാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍, സ്വപ്നയുടെ സുഹൃത്തായതാണ് പ്രതിപക്ഷത്തിന് പിടിവള്ളിയായത്. എന്നാല്‍ മുതലെടുപ്പിന് അവസരം നല്‍കാതെ, ശിവശങ്കറിനെ മുഖ്യമന്ത്രി തന്നെ, നേരിട്ട് പുറത്താക്കുകയാണുണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്ന വാദവും, അധികം താമസിയാതെ പൊളിഞ്ഞിട്ടുണ്ട്. പിന്നെയുള്ള പ്രചരണം സി.ഐ.ടി.യു നേതാവാണ് ശുപാര്‍ശയുമായി വിളിച്ചതെന്നായിരുന്നു, എന്നാല്‍ ആ കള്ളവും പൊളിച്ചടുക്കപ്പെട്ടു.

കള്ളക്കടത്ത് കേസില്‍ സ്വപ്നക്കൊപ്പം മുഖ്യ പ്രതിയായ സന്ദീപ് നായര്‍, ബി.ജെ.പി പ്രവര്‍ത്തകനാണെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തായത്. ഇയാളുടെ അമ്മ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്കുമുമ്പില്‍ വെളിപ്പെടുത്തിയത്. ബി.ജെ.പിയെ ഏറെ പ്രതിരോധത്തിലാക്കിയ പ്രതികരണമാണിത്. സ്വപ്ന മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത, ഫോട്ടോ ആയുധമാക്കിയ കോണ്‍ഗ്രസ്സും ഇളഭ്യരായിട്ടുണ്ട്. രമേശ് ചെന്നിത്തലയുമൊത്തുള്ള സ്വപ്നയുടെ ഫോട്ടോ പുറത്ത് വന്നതാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്.

സ്വര്‍ണ്ണ കള്ളക്കടത്തു സംബന്ധമായ അന്വേഷണം, മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ചില വ്യക്തികളിലേക്കും ഇപ്പോള്‍ നീളുന്നുണ്ട്. കേസന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ സംശയിക്കുന്നത്, ഈ സംഘത്തിന് ഐ.സ് ബന്ധമുണ്ടെന്നാണ്. സ്വര്‍ണക്കടത്തിന് ഐഎസ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചതാണ്, കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നാണ്, കേന്ദ്ര സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളും വ്യക്തമാക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളാണ് കേന്ദ്ര സര്‍ക്കാരിനെ ഈ വിവരം ധരിപ്പിച്ചിരിക്കുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റിന് ആവശ്യമായ പണം, കള്ളക്കടത്തിലൂടെയാണ് വരുന്നതെന്നാണ് സൂചനകള്‍.

അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്വപ്നയെ ചോദ്യം ചെയ്തതിന് ശേഷം, എന്‍ഐഎ – റോ ഉദ്യോഗസ്ഥരായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ഏത് അന്വേഷണത്തേയും ഇടതുപക്ഷം സ്വാഗതം ചെയ്യുമ്പോള്‍, യു.ഡി.എഫില്‍ ഇക്കാര്യത്തിലും ചില ആശങ്കകള്‍ പ്രകടമാണ്. എന്‍.ഐ.എ അന്വേഷണ കാര്യത്തിലാണ് ഭിന്നതയുള്ളത്. ഇതിപ്പോള്‍ യു.ഡി.എഫിനുള്ളില്‍ നീറിപ്പുകയുന്നുമുണ്ട്. പരസ്യമായി എന്‍.ഐ.എ അന്വേഷണത്തെ തള്ളിപ്പറയേണ്ടന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനുമുള്ളത്. ആര് അന്വേഷിച്ചാലും, സംസ്ഥാന സര്‍ക്കാര്‍ കുടുങ്ങണമെന്ന ഒറ്റ അജണ്ടമാത്രമാണ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ നിലപാടാണുള്ളത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം, മിക്കയിടത്തും ഇപ്പോള്‍ അക്രമാസക്തമാണ്.

ഈ കോവിഡ് കാലത്ത്, മാസ്‌ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിഷേധം അരങ്ങേറുന്നത്. സമൂഹത്തിന് ആകെ, വലിയ ദുരന്തം വിളിച്ചു വരുത്തുന്ന ഏര്‍പ്പാടാണിത്. കൊലയാളി വൈറസുകള്‍ക്ക്, കേരളത്തിലും പിടിമുറുക്കുവാനുള്ള സാഹചര്യമാണ്, പ്രതിപക്ഷം ഇവിടെ ഉണ്ടാക്കി കൊടുക്കുന്നത്. കോവിഡ് കേസുകള്‍ കുത്തനെ കുതിച്ചുയരുന്നതൊന്നും, പ്രതിഷേധക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. എത്ര ജീവന്‍ നഷ്ടപ്പെട്ടാലും അവര്‍ക്ക് വേണ്ടത്, മുഖ്യമന്ത്രിയുടെ രാജി മാത്രമാണ്.

ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍, പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതാകട്ടെ, ഒരു സര്‍വേ റിപ്പോര്‍ട്ടുമാണ്. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച പ്രവചിച്ചത് ഏഷ്യാനെറ്റ് ചാനലാണ്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ചതാകട്ടെ, പിണറായിയെ മാത്രമാണ്. ഈ സര്‍വേ റിപ്പോര്‍ട്ട്, പ്രതിപക്ഷത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ ഇന്നുവരെ, ഒരു മുന്നണിക്കും തുടര്‍ ഭരണം കിട്ടിയിട്ടില്ല. ആ ചരിത്രം പിണറായി സര്‍ക്കാര്‍ തിരുത്തിയാല്‍, പ്രതിപക്ഷ പാര്‍ട്ടികളാണ് ചിന്നഭിന്നമാവുക.

ഈ യാഥാര്‍ത്ഥ്യം, ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്നത് കോണ്‍ഗ്രസ്സാണ്. ഖദര്‍ കാവിക്ക് വഴിമാറാന്‍ മടിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.ഇതിന് അപവാദം എ.പി.അബ്ദുള്ളക്കുട്ടി മാത്രമായിരുന്നു. എന്നാല്‍ 2021 ല്‍ ഭരണം ലഭിച്ചില്ലങ്കില്‍ കോണ്‍ഗ്രസ്സാണ് ആദ്യം ശിഥിലമാകുക. പിന്നാലെ മുസ്ലീം ലീഗും പിളര്‍പ്പിനെ അഭിമുഖീകരിക്കേണ്ടിവരും. 5 വര്‍ഷം കൂടി ഭരണമില്ലാതെ നിലനില്‍ക്കുക എന്നത്, ഈ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രക്ഷോഭം.

അണികളെ പിടിച്ച് നിര്‍ത്തുക, പിണറായിയുടെ ഇമേജ് തകര്‍ക്കുക, എന്നത് മാത്രമാണ് ഏകലക്ഷ്യം. ഏഷ്യാനെറ്റ് സര്‍വ്വേയെ പരസ്യമായി തള്ളി പറഞ്ഞെങ്കിലും, അതിലെ സൂചനകളെ, ഗൗരവമായാണ് യു.ഡി.എഫും നോക്കി കാണുന്നത്. ബി.ജെ.പിയും, ജാഗ്രതയോടെയാണ് ഈ സര്‍വേ ഫലത്തെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വീണു കിട്ടിയ അവസരത്തെ, അവരും ശരിക്കും ഉപയോഗപ്പെടുത്തുകയാണ്. സ്വപ്നയിലൂടെയും ശിവശങ്കറിലൂടെയും, മുഖ്യമന്ത്രിയിലെത്താന്‍ കഴിയുമോ എന്നതാണ് നോട്ടം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെയും, കാവിപ്പട ശരിക്കും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

കേരള പൊലീസിന്റെ സഹായങ്ങള്‍, അന്വേഷണ ഏജന്‍സി തേടാതിരിക്കുന്നതും, കേന്ദ്ര ഇടപെടലിനെ തുടര്‍ന്നാണ്. സ്വപ്നയെ പിടികൂടുന്നതിന്റെ ക്രെഡിറ്റ്, കേരള പൊലീസിന് കിട്ടരുതെന്ന താല്‍പ്പര്യവും, ഇതിനു പിന്നിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫിന് തിരിച്ചടി നേരിടുമ്പോള്‍, ബദലായി ഉയര്‍ന്ന് വരാം എന്നതും, ബി.ജെ.പിയുടെ കണക്ക് കൂട്ടലാണ്. പ്രതിപക്ഷം എന്ന നിലയില്‍ നന്നായി പ്രതിരോധിക്കുന്നത്, ബി.ജെ.പിയാണെന്ന് തെളിയിക്കാന്‍ കൂടിയാണ്, കാവിപ്പടയുടെ ഇപ്പോഴത്തെ പ്രക്ഷോഭം.

ആരാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ്, അണിയറയില്‍ നടക്കുന്നത്. ഈ കോവിഡ് കാലത്തും പൊലീസിന്റെ അടിമേടിക്കാന്‍, ഇരു വിഭാഗവും പരസ്പരം മത്സരിക്കുകയാണ്. ഇതോടെ, സമരങ്ങളെ നേരിടാന്‍ തെരുവിലിറങ്ങിയ പൊലീസാണ്, യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മാസ്‌ക്ക് പോലും ധരിക്കാതെ നടത്തുന്ന പ്രതിഷേധമായതിനാല്‍, വൈറസ് ബാധയേല്‍ക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍ കാക്കിപ്പട.

Top