സല്യൂട്ടടിച്ച ‘ആ’ കൈകൾ തന്നെ ഇനി ചോദ്യങ്ങളും ഉയർത്തും . . . ജാഗ്രത !

ല്യൂട്ടടിച്ച കൈകള്‍ ചോദ്യം ചെയ്യുന്നതിനായി നീളുന്നത് അപൂര്‍വ്വ സംഭവമാണ്. സിനിമയില്‍ മാത്രം നാം കണ്ട് പരിചയിച്ച ആ ദൃശ്യം, സ്വര്‍ണ്ണക്കടത്ത് കേസിലാണ് ഇനി ദൃശ്യമാകാന്‍ പോകുന്നത്. കേരള പൊലീസിലെ ഉന്നതരെ എന്‍.ഐ.എ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അടക്കം പരിശോധിച്ചാണ്, എന്‍.ഐ.എ ഇത്തരത്തില്‍ ഒരു നിലപാടിലെത്തിയതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ എന്‍.ഐ.എ അഡീഷണല്‍ എസ്.പി ഷൗക്കത്തലിയായിരിക്കും ചോദ്യം ചെയ്യുക.

നിലവില്‍ കേസന്വേഷണ ചുമതല ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളക്കും ചോദ്യം ചെയ്യുന്നതിന്റെ മേല്‍നോട്ടം ഷൗക്കത്തലിക്കുമാണുള്ളത്. ഷൗക്കത്തലി വിട്ടു നിന്നാല്‍, രാധാകൃഷ്ണപിള്ള തന്നെ നേരിട്ട് ചോദ്യം ചെയ്യാനാണ് സാധ്യത. മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യേണ്ടത് എന്നതിനാല്‍, എന്‍.ഐ.എ ഹൈദരാബാദ് മേഖലാ ഐ.ജി നേരിട്ടെത്താനുള്ള സാധ്യതയും, തള്ളിക്കളയാന്‍ കഴിയുന്നതല്ല.

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍, ഷൗക്കത്തലി തന്നെ ആ കടമ നിര്‍വ്വഹിക്കാനാണ് സാധ്യത കൂടുതല്‍. കേരള പൊലീസിലെ എസ്.പി റാങ്കിലുള്ള ഷൗക്കത്തലി ഡെപ്യൂട്ടേഷനിലാണ് എന്‍.ഐ.എയിലെത്തിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാലും തിരിച്ച് അദ്ദേഹം എത്തേണ്ടതും കേരള പൊലീസിലാണ്.എന്‍.ഐ.എ ഡി.വൈ.എസ്.പിയായിരുന്ന വിക്രമന്‍, ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയത് അടുത്തയിടെയാണ്. ഇപ്പോള്‍ മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണദ്ദേഹം. ഷൗക്കത്തലി മുന്‍പ് സല്യൂട്ടിടിച്ച് വണങ്ങി നിന്ന ഉദ്യോഗസ്ഥരാണിപ്പോള്‍, ആരോപണ വിധേയരായിരിക്കുന്നത്.

സ്വപ്ന കേരളത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും കള്ളക്കടത്തിനും, പൊലീസ് ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ്, പ്രധാനമായും എന്‍.ഐ.എ പരിശോധിക്കുന്നത്. മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തില്‍. അവസാന കാള്‍ ലിസ്റ്റിലെ ഉദ്യോഗസ്ഥന്റെ മൊഴി അതു കൊണ്ടു തന്നെ ഏറെ നിര്‍ണ്ണായകമാണ്. ഐ.എ.എസുകാരനായ ശിവശങ്കറിനേക്കാള്‍, പൊലീസ് ഉന്നതനാണ് സ്വപ്നയെ സഹായിക്കാന്‍ സംവിധാനമുള്ളത്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമുള്ള കാര്യം തന്നെയാണ്. പഴുതടച്ച അന്വേഷണമാണ്, സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഇപ്പോള്‍ നടത്തി വരുന്നത്.

രാജ്യവ്യാപകമായി ശക്തമായ നെറ്റ് വര്‍ക്കുള്ള, ഐ.ബിയുടെ സംവിധാനമാണ് അന്വേഷണത്തിന് വേഗത നല്‍കുന്നത്. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കണ്ടെത്തിയത് പോലും ഐ.ബിയാണ്. വിവരം കൃത്യമായി എന്‍.ഐ.എക്ക് കൈമാറിയതിനെ തുടര്‍ന്നാണ് പിന്നീട് അറസ്റ്റുണ്ടായത്. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ റോയുടെ സഹായവും എന്‍.ഐ.ക്കുണ്ട്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളും ലഭിക്കുന്ന വിവരങ്ങള്‍ എന്‍.ഐ.എക്കാണ് കൈമാറുന്നത്.

കേന്ദ്ര ഏജന്‍സികളുടെ കൂട്ടായ ഒരു പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി, കേന്ദ്ര സേനയായ സി.ആര്‍.പി.എഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ബംഗാളില്‍ പയറ്റിയ അതേ തന്ത്രമാണ്, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലും പയറ്റുന്നത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാര്‍, ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തിനും സി.ആര്‍.പി.എഫ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ, ബംഗാള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

കമ്മീഷണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ, കുത്തിയിരുപ്പ് സമരം നടത്തുന്ന സാഹചര്യവും അന്നുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാറിനെ പോലും ഞെട്ടിച്ച നീക്കമായിരുന്നു അത്. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന്, പശ്ചിമ ബംഗാളിന് പുറത്ത് വച്ചാണ് രാജീവ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നത്. കോളിളക്കം സൃഷ്ടിച്ച ശാരദ ചിട്ടി തട്ടിപ്പ് കേസില്‍, മമതയുടെ പങ്ക് പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് അവര്‍ സാഹസം കാട്ടിയതെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലും, സമാന ആരോപണമാണിപ്പോള്‍ ബി.ജെ.പി ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും ബോധപൂര്‍വ്വമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ല, പിണറായിയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലെത്താനാണ് കേന്ദ്ര നിക്കം. ശിവശങ്കറിന് സ്വപ്ന സുരേഷുമായും മറ്റ് പ്രതികളുമായുള്ള ബന്ധമാണ് പ്രധാന ആയുധം. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത കൈവരുമെന്നാണ് കണക്ക് കൂട്ടല്‍. സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതിന് ശേഷമാണ്, ഈ ദൗത്യത്തിലേക്ക് എന്‍.ഐ.എ കടക്കുക. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെയും ഇതോടൊപ്പം ചോദ്യം ചെയ്യും.

അതേ സമയം, എന്‍.ഐ.എ അന്വേഷണത്തിന് സഹായകരമായ നിലപാടാണ്, സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിരിക്കുന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട്. എത്ര വലിയ ഉദ്യോഗസ്ഥനായാലും സംരക്ഷിക്കില്ല എന്നു വ്യക്തം. പ്രതികളുമായി വന്ന എന്‍.ഐ.എ സംഘത്തിന്, വാളയാര്‍ മുതല്‍ സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും സംസ്ഥാന സര്‍ക്കാറാണ്. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ചെയ്തികള്‍ക്ക്, കുട പിടിക്കേണ്ട ആവശ്യമില്ലന്ന നിലപാടാണ് സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ കണ്ണിലെ കരടായ രണ്ട് സര്‍ക്കാറുകളുടെ, വ്യത്യസ്തമായ നിലപാടുകളാണിത്. കേന്ദ്രവുമായി തുറന്ന ഫൈറ്റിലേക്ക് പോകുന്ന നിലപാടാണ്, ബംഗാള്‍ സര്‍ക്കാറും സ്വീകരിച്ചിരിക്കുന്നത്. സി.ബി.ഐയെ രൂക്ഷമായണ് മമത വിമര്‍ശിച്ചിരുന്നത്. പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ വന്ന സംഘത്തെ, കസ്റ്റഡിയിലെടുപ്പിച്ചതും രണ്ടും കല്‍പ്പിച്ചായിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ് കേസന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതാണ് മമതയെ പ്രകോപിപ്പിച്ചിരുന്നത്. ഈ കേസിലെ നിര്‍ണ്ണായകമായ തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐയുടെ ആരോപണം. ഇതുസംബന്ധമായ ചോദ്യം ചെയ്യലിനാണ്, സിബിഐ സംഘം ബംഗാളില്‍ എത്തിയിരുന്നത്. കൊല്‍ക്കത്തയില്‍ അന്ന് നടന്ന സംഭവങ്ങള്‍ നിയമവാഴ്ചക്ക് തന്നെ വെല്ലുവിളിയായിരുന്നു. ഇത്തരം ഒരു പ്രതിരോധവും കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലന്നതാണ്, പിണറായി സര്‍ക്കാറിന്റെ നിലപാട്. കുറ്റക്കാര്‍ക്ക് ഒരു സംരക്ഷണവും ഒരുക്കുകയില്ല. രാഷ്ട്രീയ പ്രേരിതമായി വേട്ടയാടാന്‍ ശ്രമിച്ചാല്‍, നിയമപരമായി അതിനെ നേരിടാനാണ് തീരുമാനം. ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലപാടും ഇതു തന്നെയാണ്.

Top