മഴക്കെടുതി. . . ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കും, നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

പ്രളയത്തില്‍ മരണം സംഭവിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ പട്ടിക ഉടനെ തയ്യാറാക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 101 ആയി. നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 24 ആയി.

ഇന്ന് രാവിലെ കവളപ്പാറയില്‍ കനത്തമഴയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. ഇപ്പോള്‍ രക്ഷാദൗത്യം വീണ്ടും പുനരാരംഭിച്ചു. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മിക്ക വീടുകളും ഇരുനൂറ് മീറ്ററിലേറെ ദൂരത്ത് കവളപ്പാറ റോഡിന് സമീപത്തായാണ് വന്നടിഞ്ഞിട്ടുള്ളത്.

ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 35 പേരെയാണ് കണ്ടെത്തേണ്ടത്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.

63 പേരെ കവളപ്പാറയില്‍ കാണാതായിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യ കണക്ക്. എന്നാല്‍ ഇവരില്‍ നാല് പേര്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് കാണാതായവരുടെ പട്ടിക 59 ആയി ചുരുങ്ങിയത്.

Top