കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഉയര്‍ത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

കാര്‍ഷികേതര വായ്പ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുന്നത്. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പ്പകള്‍ക്കും മൊറട്ടോറിയം ബാധകമായിരിക്കും.

പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി നല്‍കും. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് വായ്പ എടുക്കുന്നതിന് അംഗീകാരം നല്‍കി.

കാര്‍ഷിക കടങ്ങള്‍ക്ക് വായ്പാ ഇളവ് അടക്കമുള്ള നടപടികള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് മുല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50000 രൂപയ്ക്ക് മേലുള്ള കുടിശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തുവാനും തീരുമാനിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതിയതായി നല്‍കുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കാനും തീരുമാനമായി. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെന്നും എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top