pinarayi vijayan facebook post

തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരേ പ്രചരണം നടത്തിയാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ ക്യാമ്പയിനുകള്‍ക്ക് തടയിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.

ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തൊട്ടാകെ രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുണ്ട്.

സ്‌കൂള്‍പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പിറ്റിഎ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ നടത്തുക എന്നിവയാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യമന്ത്രിസഭ മുതല്‍ പൊതുജനാരോഗ്യ മേഖലയുടെ ശക്തിപ്പെടുത്തലിന് നല്‍കി വന്നിരുന്ന പ്രാധാന്യമാണ് കേരളത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

പൊതുജനാരോഗ്യത്തില്‍ സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഭീതി ഇല്ലാതാക്കണം. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Top