മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ വിലക്കേര്‍പ്പെടുത്തി.

തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയ്ക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ന് വൈകിട്ടാണ് പരിപാടി നടക്കേണ്ടത്. സംസ്ഥാനത്ത് 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനാണ് തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്.

വോട്ടെടുപ്പ് കഴിഞ്ഞെന്നാലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടത്താന്‍ സാധിക്കില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചു. കൂടാതെ കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങളിലും കമ്മീഷന്‍ എടുത്ത നടപടികളിലും തെരഞ്ഞെടുപ്പ് ഓഫീസറും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.

Top