പിണറായി വിജയന്‍ ഏകാധിപതി, പൊന്നാനിയില്‍ മത്സരിക്കില്ല; ഇ ശ്രീധരന്‍

കൊച്ചി: പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് പിണറായി. ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളത്. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണ്. സര്‍ക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരന്‍ വിമര്‍ശിച്ചു.

താന്‍ ചേര്‍ന്നാല്‍ ബിജെപിയുടെ മുഖച്ഛായ മാറും. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോത്സാഹിപ്പിച്ചു. സിപിഐഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ്. ബിജെപിയോട് പണ്ടേ സഹാനുഭൂതിയുണ്ടെന്നും ശ്രീധരന്‍ വ്യക്തമാക്കി.

20 വര്‍ഷത്തിന് ഇടയില്‍ നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരമില്ല. വേണ്ട പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നില്ല. അഴിമതി തന്നെ അലോസരപ്പെടുത്തുന്നു. ബിജെപിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചതാണ്. മോദി സര്‍ക്കാരിന് എതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. ബിജെപിയില്‍ ചേരുന്നതിന് ഒരു വ്യവസ്ഥകളും വെച്ചിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. ബിജെപിയില്‍ ചേര്‍ന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഉപദ്രവിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്വാസംമുട്ടിയാണ് ജോലി ചെയ്യുന്നതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

തൃശൂരോ പാലക്കാടോ മത്സരിക്കണമെന്നാണ് ആഗ്രഹം. പൊന്നാനി മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറത്ത് മത്സരിക്കാന്‍ താത്പര്യമില്ല. ശബരിമല രാഷ്ട്രീയ വിഷയമാക്കണമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

 

Top