കിഫ്ബിയുടെ പ്രവര്‍ത്തനം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്; വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കനേഡിയന്‍ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിഡിപിക്യുവെന്നും 21 ലക്ഷം കോടി രുപ ആസ്ഥിയുള്ള വലിയ കമ്പനിയാണ് സിഡിപിക്യുവെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സിഡിപിക്യു നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടാണെന്നും എന്ത് പ്രതിഷേധമുണ്ടായിക്കിയാലും വികസനം തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടനില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന തരത്തില്‍ സൂചന ലഭിച്ചിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മെയ് 17നാണ് ചടങ്ങ് നടക്കുന്നത്.

പ്രധാനപ്പെട്ട ഓഹരികളുടെയും ബോണ്ടുകളുടെയും വില്‍പന മാത്രമായിരിക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ചടങ്ങില്‍ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത് ആദ്യമായിട്ടാണ്.

Top