ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ; മുഖ്യമന്ത്രി

കോന്നി: കേന്ദ്രസര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യവത്കരണത്തിലൂടെയും വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉപ്പോള്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയത്. കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബില്ലുകള്‍ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് കോണ്‍ഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കാരണം അതവരുടെ നയമാണ്. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Top