മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പരോക്ഷമായി കുറ്റപ്പെടുത്തി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പരോക്ഷമായി കുറ്റപ്പെടുത്തി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് സിപിഐയുടെ ലേഖനം പ്രത്യക്ഷപ്പെട്ടത്.

ഐടി സഹായത്താല്‍ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ലേഖനത്തില്‍ പറയുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനം. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45 ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവാക്കാന്‍ കഴിയുന്ന ചൂഷണമാണ് ഇവര്‍ നടത്തുന്നത്.

പരസ്യ ടെന്‍ഡര്‍ ഇല്ലാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപന പദവികള്‍ ഉപയോഗിച്ച് കോടികളുടെ കരാര്‍ നേടുകയും അത് വന്‍കിട-ചെറുകിടക്കാര്‍ക്ക് സബ്ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷന്‍ വാങ്ങിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളും നമുക്കുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

Top