സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കോവിഡ്; 11 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാല് പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ വിദേശത്ത് നിന്നും വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19 നെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥിയിലായവര്‍ ഉള്‍പ്പെടെ എട്ടുവിദേശികളുടെ ജീവന്‍ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അതില്‍ 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ 1,35,472 പേര്‍ വീടുകലിലും 723 പേര്‍ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 153 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക പകര്‍ച്ചവ്യാധി പ്രതിരോധ ഫണ്ട് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വായ്പ പരിധി അഞ്ച് ശതമാനമായി ഉയര്‍ത്താനും അവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പുസ്തകക്കടകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top