അസാമാന്യ നിശ്ചയദാര്‍ഢ്യവും പോരാട്ട വീറും; കര്‍ഷക പോരാളികള്‍ക്ക് സല്യൂട്ടടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരും തൊഴിലാളികളും തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ അതിനെ തടുത്തു നിര്‍ത്താന്‍ എത്ര വലിയ കോട്ടകൊത്തളങ്ങള്‍ക്കും അധികാര സന്നാഹങ്ങള്‍ക്കും കഴിയില്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട്, ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കര്‍ഷകരും തൊഴിലാളികളും തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ അതിനെ തടുത്തു നിര്‍ത്താന്‍ എത്ര വലിയ കോട്ടകൊത്തളങ്ങള്‍ക്കും അധികാര സന്നാഹങ്ങള്‍ക്കും കഴിയില്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട്, ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ജനാധിപത്യവിരുദ്ധമായി നടപ്പാക്കിയ കാര്‍ഷിക നയങ്ങളെല്ലാം പിന്‍വലിക്കാനും കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്കെത്താന്‍ എഴുനൂറിലധികം കര്‍ഷകരുടെ ജീവത്യാഗം വേണ്ടി വന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഉറ്റവരുടെ വിയോഗങ്ങളില്‍ ഉള്ളുലയാതെ, സമരത്തെ ദുര്‍ബലപ്പെടുത്താന്‍ നടന്ന ശ്രമങ്ങള്‍ക്ക് കീഴ്പ്പെടാതെ, എല്ലാ എതിര്‍പ്പുകളേയും മറികടന്ന് വിജയത്തിലെത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. അസാമാന്യമായ നിശ്ചയദാര്‍ഢ്യവും പോരാട്ട വീറുമാണ് കര്‍ഷകരും അവര്‍ക്ക് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയും കാഴ്ചവച്ചത്.

ഇത് കര്‍ഷകരുടെ മാത്രം വിജയമായി ചുരുക്കിക്കാണേണ്ട ഒന്നല്ല. കേന്ദ്ര സര്‍ക്കാരിന്റേയും സംഘപരിവാറിന്റേയും മുതലാളിത്ത വിടുപണിയ്ക്കും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായ ജനവികാരത്തിന്റെ വിജയമാണ്. അശുഭാപ്തിവിശ്വാസത്തിന്റെ കാര്‍മേഘങ്ങള്‍ വകഞ്ഞു മാറ്റി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകള്‍ക്ക് പുതിയ വെളിച്ചവും ദിശാബോധവും പകരുന്ന സന്ദര്‍ഭമാണിത്. ചരിത്രം വര്‍ഗസമരങ്ങളാല്‍ എഴുതപ്പെടുന്നതാണെന്ന യാഥാര്‍ത്ഥ്യം വീണ്ടും വീണ്ടും അനുഭവങ്ങളില്‍ തെളിയുകയാണ്. കര്‍ഷക പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. രക്തസാക്ഷികള്‍ക്ക് സല്യൂട്ട്.

Top