ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചത് രാജ്യത്തിന്റെ പൊതുവികാരം:കെജ്രിവാളിനെ അഭിനന്ദിച്ച് പിണറായി

തിരുവനന്തപുരം: ഡല്‍ഹയില്‍ മൂന്നാം തവണയും ഭരണം ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വജയന്‍ പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ഡല്‍ഹി ഫലം. ഈ ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കണം. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

നേരത്തെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കെജ്രിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കെജ്രിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നായിരുന്നു അവരുടെ വാക്കുകള്‍. ബിജെപിയെ രാജ്യത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top