അനന്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനന്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചിരുന്നു. മികച്ച ഭരണാധികാരിയായിരുന്നു അനന്ത് കുമാറെന്നെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. വ്യത്യസ്ത മന്ത്രിസഭകളിലായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബിജെപിക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്നും മോദി അനുസ്മരിച്ചു.

അനന്ത് കുമാറിന്റെ മരണ വാര്‍ത്ത ഞെട്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു അനന്ത് കുമാറിന്റേതെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രമാരായ നിര്‍മല സീതാരാമന്‍ സുരേഷ് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവില്‍ അന്തരിച്ചത്. 59 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു.

Top