ഇഡിക്കെതിരെ മുഖ്യമന്ത്രി നല്‍കിയ കത്ത് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡല്‍ഹി: കിഫ്ബിക്ക് എതിരായ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഒരു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതില്‍ ഇടപെടാനാകില്ലെന്ന് സുനില്‍ അറോറ ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അന്വേഷണം മാര്‍ച്ച് മുതല്‍ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ അടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചത്.

ഇഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തുന്നതെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കിഫ്ബിക്ക് എതിരായ ഇഡി കേസിനെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകി. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന്‍ ഇടപെടണമെന്നാണ്മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

ബിജെപിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28-ന് നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.

 

Top