പ്രളയം; കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

600 കോടി രുപ മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും കേന്ദ്ര ഇടപെടല്‍ കാരണം വിദേശ സഹായവും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നല്‍കേണ്ട അവസ്ഥയിലാണ്. ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നതാണ്. എന്നാല്‍ അതിലും സഹായം ലഭിച്ചിട്ടില്ല. കേരളത്തെ സഹായിക്കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നീക്കങ്ങള്‍ ഉണ്ടാകുന്നില്ല. പൂര്‍ണ്ണമായി തകര്‍ന്ന വീടിന് കേന്ദ്രം നല്‍കുന്നത് ഒരു ലക്ഷം രൂപയാണ്. സംസ്ഥാനം മൂന്ന് ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഇത് രണ്ടും ചേര്‍ത്താണ് ഗുണഭോക്താവിന് നാല് ലക്ഷം രൂപ നല്‍കുന്നത്. എല്ലാ മേഖലയിലും കേന്ദ്രം നല്‍കുന്നതിനേക്കാള്‍ സംസ്ഥാനം കൂടുതല്‍ സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ എല്ലാ ചെലവുകളും നിറവേറ്റിയാല്‍ ദുരിതാശ്വാസ നിധിയില്‍ 736 കോടി മാത്രമായിരിക്കും ബാക്കിയുണ്ടാവുക. കേന്ദ്ര സഹായം ഇല്ലാതെ പ്രളയദുരിതാശ്വാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ ശരിയായ രീതിയിലെന്നും അക്രമികളെ തടയുന്നതിന് പൂര്‍ണ അധികാരം ഉള്ളതാണ് വിധിയെന്നും കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയുന്നതിനാണ് നടപടിയെന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെന്നും എസ്.പി യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തില്‍ തെറ്റില്ലെന്നും ബഹുമാനപൂര്‍വമാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാണിക്കയിടരുതെന്ന പ്രതിഷേധക്കാരുടെ പ്രചരണം നടവരവ് കുറച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി മാത്യു.ടി തോമസിനെ മാറ്റുന്നതില്‍ ജെഡിഎസിന്റെ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top