മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വിവിധ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പ്രളയ ദുരിതാശ്വസത്തിന് കൂടുതല്‍ സാമ്പത്തിക സഹായം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

അഞ്ച് കേന്ദ്രമന്ത്രിമാരുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുക. രാവിലെ പത്ത് മണിയ്ക്ക് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മന്‍സുഖ് എല്‍ മാണ്ഡ്യവയെ കാണുന്ന മുഖ്യമന്ത്രി വിഴിഞ്ഞം ഉള്‍പ്പടെയുള്ള തുറമുഖ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച പാര്‍ലമെന്റിനുള്ളില്‍വെച്ച് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള കരാര്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലുള്ള എതിര്‍പ്പ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയെ കണ്ട് മുഖ്യമന്ത്രി വ്യക്തമാക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ടിയാലിനെ കൂടി നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന നിര്‍ദ്ദേശം അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചതായാണ് സൂചന. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിയ്ക്ക് വിമാനത്താവളം കൈമാറണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Top