പിന്നിലോട്ട് കൊണ്ടു പോകുന്നു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച മുഖപത്രത്തിനെതിരെ തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബിജെപി മുഖപത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. മുഖപത്രത്തില്‍ മുഖ്യമന്ത്രിയെ തെങ്ങുകയറ്റക്കാരന്റെ മകനെന്ന് അഭിസംബോധന ചെയ്ത കാര്‍ട്ടൂണിനെതിരെയാണ് തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തില്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഉപബോധ മനസ്സ് സവര്‍ണ്ണ ജാതീയതയാണെന്നാണ് ഐസക് പറഞ്ഞത്. ഇവര്‍ കേരളത്തെ എത്രമാത്രമാണ് പുറകോട്ട് കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരായിട്ടുള്ള പ്രതിരോധമാണ് ജനുവരി ഒന്നാം തീയതി നടക്കാനിരിക്കുന്ന വനിതാ മതിലെന്നും ഐസക് വ്യക്തമാക്കി.

കേരളത്തെ പുറകോട്ട് കൊണ്ടുപോകാന്‍ ഉള്ള സംഘടിത നീക്കത്തിനെതിരായുള്ള ജനങ്ങളുടെ ചെറുത്തുനില്‍പാണ് വനിതാ മതില്‍. ബി ജെ പിയുടെ ലക്ഷ്യം ശബരിമല സംരക്ഷണമല്ല. ഇന്ന് ഈ പ്രക്ഷോഭം നടത്തുന്നത് കേരളത്തില്‍ വര്‍ഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്നതിനുള്ള ബി ജെ പിയുടെ അജണ്ടയാണ് , ഐസക് കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടൂണിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.

നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആണ് അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ പറഞ്ഞ് അധിക്ഷേപിച്ചിരിക്കുന്നത്. തെങ്ങു കയറ്റക്കാരന്റെ മകന്‍ മുഖ്യമന്ത്രി ആയതില്‍ സ്വയം അഭിമാനിക്കുന്ന ജനതയുടെ കേരളത്തില്‍, തെങ്ങു കയറ്റക്കാരന്റെ മകന്‍ തെങ്ങു കയറാന്‍ പോയാല്‍ മതിയെന്ന് യാതൊരു ലജ്ജയുമില്ലാതെ പരിഷ്‌കൃത കേരളത്തിന്റെ മുഖത്ത് നോക്കി പറയുക വഴി മനുസ്മൃതി പറഞ്ഞു വച്ച ചാതുര്‍വര്‍ണ്ണ്യത്തെ സാധുകരിക്കാന്‍ അല്ലാതെ മറ്റെന്താണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് മുഹമ്മദ് റിയാസ് ചോദിച്ചത്.

Top