തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Pinarayi Vijayan

കോലഞ്ചേരി: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടിയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയെ കണ്ട ശേഷം പിണറായി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരെ കണ്ട് സംസാരിക്കുകയും ചെയ്തു.

അതേസമയം, കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയ്ക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മര്‍ദ്ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടിയുടെ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വയസുകാരനെ ആക്രമിച്ച സംഭവത്തില്‍ അമ്മയേയും പൊലീസ് പ്രതിചേര്‍ത്തു.

Top