pinarayi vijayan at hyderabad

ഹൈദരാബാദ്: തെലങ്കാന മണ്ണില്‍ തനിക്കെതിരെ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണി കണക്കിലെടുക്കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മോദി സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിച്ച്, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയാണെന്നും നോട്ടു നിരോധനംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമാണ്. യുപിയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ആരോപണവിധേയനാണ് ആദിത്യനാഥ് എന്നും പിണറായി പറഞ്ഞു.

സിപിഐഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന് ആരംഭിച്ച മഹാജനപദയാത്രയുടെ സമാപനസമ്മേളന റാലിയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുത്തു.

മുഖ്യമന്ത്രിയായശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തിയ പിണറായിക്ക് മലയാളി സമൂഹം ഉജ്വലമായ വരവേല്‍പ്പും നല്‍കി. ഇതിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കരുതെന്ന് ബിജെപി എംഎല്‍എ രാജാ സിങ്ങിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തെലങ്കാന പൊലീസ് ശക്തമാക്കിയിരുന്നു.

Top