‘കടക്കൂ പുറത്ത്’ വിവാദം, മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷപ്രകടനം നടത്താനിടയായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഹോട്ടല്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടി.

മസ്‌ക്കറ്റ് ഹോട്ടലിലെ ജനറല്‍ മാനേജരേയും അസിസ്റ്റന്റ് മാനേജരേയും നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധാരണ വിലക്ക് ഏര്‍പ്പെടുത്താറില്ലെന്ന് ഹോട്ടല്‍ അധകൃതര്‍ വിശദീകരിച്ചു. ഇവരില്‍ നിന്നും രേഖാമൂലം വിശദീകരണ കുറിപ്പ് കൂടി എഴുതി വാങ്ങിയ ശേഷമാണ് തിരിച്ചയച്ചത്.

സിപിഎം- ബിജെപി സംഘട്ടനം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് മുഖ്യമന്ത്രി കയര്‍ത്തത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം – ബിജെപി നേതാക്കളുടെ സമാധാന യോഗത്തിനു മുന്നോടിയായി ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് ‘കടക്കൂ പുറത്ത്’ എന്നു മുഖ്യമന്ത്രി ആക്രോശിച്ചത്. നിങ്ങളെയൊക്കെ (മാധ്യമപ്രവര്‍ത്തകരെ) ആരാ ഇവിടേക്കു വിളിച്ചതെന്നും അദ്ദേഹം ചോദിച്ചു.

Top