കെജ്‌രിവാളിനെതിരായ ആക്രമണം ; മുഖ്യമന്ത്രി അപലപിച്ച‌ു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം ഉണ്ടായത്. ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‌രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. മോട്ടി നഗര്‍ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Top