കോന്തലയില്‍ കെട്ടിയ താക്കോലിനാണ് അധികാരമെന്ന് തന്ത്രി കരുതരുത്: മുഖ്യമന്ത്രി

pinarayi-vijayan

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല. അങ്ങനെയുള്ളിടത്ത് തന്ത്രിയും ബ്രഹ്മചാരിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചിലരുടെ കോപ്രായങ്ങള്‍ കണ്ട് ബോര്‍ഡ് പിന്നാലെ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാര്‍ക്കെതിരെ നടപടി വേണം.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top