ആര്‍എസ്എസ് എല്ലാകാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി

പാലക്കാട്: ആര്‍എസ്എസ് എല്ലാകാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എത്തിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്നും അദ്ദേഹം അറിയിച്ചു. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍വകക്ഷി യോഗം നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വ്വകക്ഷി യോഗം നടക്കുക.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.

Top