പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയ്യാറായതെന്നും പിണറായി കുറ്റപ്പെടുത്തി.

കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാന്‍ സാധിച്ചു. ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയതല്ല. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രില്‍ ആദ്യം നല്‍കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നേരത്തെ തീരുമാനമെടുത്തതാണ്. പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി നുണ പറയുന്നത് നിര്‍ത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി തീരുമാനമെടുക്കണം. സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷനൊപ്പം മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ആയി നല്‍കുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാര്‍ച്ചിലെ പെന്‍ഷനാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന് മാസങ്ങള്‍ മാറി പോകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. 26 ലക്ഷം പേര്‍ക്ക് നല്‍കി. 10.76 പേര്‍ക്ക് മാത്രമാണ് കൊവിഡ് വന്നത്. ഇപ്പോഴും രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കടപ്പാടം അവകാശം എന്ന നിയമം കൊണ്ടുവരും. നാട്ടില്‍ വന്ന മാറ്റങ്ങളെ വരമ്പത്തിരുന്ന് കണ്ടവര്‍ക്ക് കല്ലെറിയാന്‍ തോന്നുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി.

 

Top