മൂന്നാം ലോക കേരള സഭയ്ക്ക് സമാപനം; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി. ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ എന്ത് ജനാധിപത്യ ബോധമാണ് നയിക്കുന്നതെന്ന് അറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിശാല മനസിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനടപടി നാട് അംഗീകരിക്കില്ല. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സർവെ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രവാസികൾ മുന്നോട്ട് വച്ച നിർദേശങ്ങൾ പൂർണമായി അംഗീകരിച്ചു കൊണ്ടാണ് മൂന്നാം ലോക കേരള സഭ സമാപിച്ചത്. കടലിന്റെ അതിർ വരമ്പുകൾ ഇല്ലാതെ നിർദേശങ്ങൾ സർക്കാർ പ്രായോഗികമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടു നിന്നതിനെ പിണറായി വിജയൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും എന്ത് കിട്ടുന്നു എന്ന് നോക്കാതെ പണി എടുക്കുന്നവരാണ് പ്രവാസികൾ. അവരെ ബഹിഷ്‌കരിക്കുന്നത് കണ്ണിൽ ചോര ഇല്ലാത്ത ക്രൂരതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top