Pinarayi Vijayan-against Oommen chandy- Titanium Case

കോഴിക്കോട്: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേസുകള്‍ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി ഭരണം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും പിണറായി ആരോപിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വിജിലന്‍സ് ഉമ്മന്‍ചാണ്ടിയുടെ കീഴിലുമായപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി കുറ്റവിമുക്തനാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിക്കുകയായിരുന്നു. ഒടുവില്‍ ഇപ്പോള്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കാത്ത സ്ഥിതിയായെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിനിടെ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ടൈറ്റാനിയം കേസില്‍ സിപിഐഎം നേതാക്കളല്ല വ്യാജപ്രചാരണം നടത്തിയത്. അവിടെ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ട്. 250 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത് സിപിഐഎം നേതാക്കളായിരുന്നില്ല. മറിച്ച് കോണ്‍ഗ്രസ് നേതാവായ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന വകുപ്പായതു കൊണ്ടാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ പങ്കു വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മേല്‍നോട്ട സമിതി അധ്യക്ഷന് അയച്ച കത്തുകള്‍ ഇടപെടലിന് തെളിവാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. അഴിമതിക്കേസുകളില്‍ തനിക്കു വേണ്ടപ്പെട്ടവര്‍ കുടുങ്ങും എന്നു ഉറപ്പുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെടുന്നു. ഉമ്മന്‍ചാണ്ടിയുടെ ആ ഗൂഢശ്രമത്തിനാണ് തിരിച്ചടി ഏറ്റത്. അതിന് സിപിഐഎമ്മിനെ വിമര്‍ശിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടതില്ലെന്നും പിണറായി തുറന്നടിച്ചു.

കോഴിക്കോട് വിമാനത്താവള വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. അന്താരാഷ്ട്ര തലത്തില്‍ നല്ല പ്രശസ്തി നേടിയ നഗരമാണ് കോഴിക്കോട്. 1980ലെ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വികസനം നടക്കുന്നത്. അതു പുതുക്കണം. കോര്‍പ്പറേഷന്‍ പുതിയത് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. മലാപറമ്പില്‍ മൊബിലിറ്റി ഹബ്, രാമനാട്ടുകരയില്‍ ഐടി പാര്‍ക്ക്, ബേപ്പൂര്‍ബീച്ച് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല എന്നിവയെല്ലാം പുതിയ മാസ്റ്റര്‍ പ്ലാനിലുണ്ട്.

രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സമാന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറുകയാണ്. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് ലഭ്യമാക്കുന്നതില്‍ വിവേചനം കാണിക്കുന്നു.

വകുപ്പു മേധാവി വിദ്യാര്‍ത്ഥികളുടെ നേരെ പ്രതികാര നടപടിയെടുക്കുന്നു. ഇതുമൂലം രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. അതായത് സര്‍വകലാശാലകളെ വര്‍ഗീയ വത്കരിക്കാന്‍ നീക്കം നടക്കുകയാണെന്നും പിറണായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Top