Pinarayi vijayan against Oommen chandy government

ഇടുക്കി: സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളെയെല്ലാം സര്‍ക്കാര്‍ പാവകളാക്കി മാറ്റിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

വിജിലന്‍സിനെയാണ് അത്തരത്തില്‍ ആദ്യം മാറ്റിയത്. ആരോപണ വിധേയരെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതെന്നും നവകേരളാ മാര്‍ച്ചിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് എസ്.പി സുകേശനെതിരായ കേസും ഇത്തരത്തില്‍ കണ്ടാല്‍ മതി. കെ.എം.മാണിക്കെതിരെ ബിജു രമേശ് കൈമാറിയ സിഡിയിലെ തെളിവ് ശക്തമല്ലെന്നും അതിനാല്‍ നിലനില്‍ക്കുന്നതല്ലെന്നും ചുണ്ടിക്കാട്ടി സുകേശനെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ച ആളാണ് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി. ഇപ്പോള്‍ ആ സിഡിയില്‍ പറയന്ന കാര്യങ്ങള്‍ വച്ചാണ് സുകേശനെതിരെ അന്വേഷണം നടത്തുന്നതും.

അങ്ങനെയെങ്കില്‍ കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെയും കേസെടുക്കേണ്ടതാണ്. മന്ത്രി കെ.ബാബുവിന് അനുകൂലമായി വിജിലന്‍സ് എസ്പി നിശാന്തിനിയെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ചതും ശങ്കര്‍ റെഡ്ഡിയാണ്. അതിനാണ് മൂന്ന് ഡിജിപിമാരെ തഴഞ്ഞ് എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ വിജിലിന്‍സിന്റെ തലപ്പത്ത് കൊണ്ടുവന്നതെന്നും പിണറായി പറഞ്ഞു.

കൊള്ള സംഘമായ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്നും പിണറായി ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്റെയും മാഫിയ ഭരണത്തെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കേണ്ടി വന്ന ഗവര്‍ണര്‍ക്ക് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Top