വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും; മോദിക്കെതിരെ പിണറായി

ദുബൈ: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മന്ത്രിമാരുടെ വിദേശ യാത്രാനുമതി നിക്ഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രക്ക് അനുമതി നല്‍കാമെന്ന് ആദ്യം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് നിഷേധിച്ചു. പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. കക്ഷി രാഷ്ട്രീയമല്ല നാടിന്റെ താല്‍പര്യം ആണ് ഇപ്പോള്‍ പ്രധാനം. പറയേണ്ട കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് വാക്കാല്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മള്‍ വാക്കിന് വിലനല്‍കുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാല്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തോട് കേരളത്തിന്റെ പുനര്‍നിര്‍മ്മാണ സഹായമഭ്യര്‍ത്ഥിക്കാനായി അനുമതി ചോദിച്ചപ്പോള്‍ സൗഹാര്‍ദ്ദപൂര്‍വ്വം അനുവദിച്ചിരുന്നു. എന്നാല്‍, മലയാളി സമൂഹത്തോട് മാത്രമല്ല വിദേശ രാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓര്‍ഗൈസേഷനില്‍ നിന്നും സഹായം വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിക്കാതായെന്നും പിണറായി പറഞ്ഞു.

Top