സര്‍ക്കാറിനെ വലിച്ചിടാന്‍ ഈ തടി പോര, അത് ഗുജറാത്തില്‍ മതി; അമിത് ഷായോട് മുഖ്യമന്ത്രി

പാലക്കാട്: ആവശ്യമെങ്കില്‍ സംസ്ഥാനസര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ”സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തില്‍ മതി. ബിജെപിയ്ക്ക് ഈ മണ്ണില്‍ ഒരിയ്ക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത്?” മുഖ്യമന്ത്രി ചോദിച്ചു.

‘നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവണ്‍മെന്റ്. ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?’ മുഖ്യമന്ത്രി ചോദിച്ചു.ഇത് ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും നാടാണ്. അതോര്‍ത്തുകൊള്ളണം. നിങ്ങളിതാരെയാണ് ഭയപ്പെടുത്തുന്നത്. ആദ്യം സുപ്രീംകോടതിയെ. അറിയാം നിങ്ങളുടെ ഉദ്ദേശം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസ് അടുത്തദിവസം സുപ്രീംകോടതി പരിഗണിക്കുകയാമ്. നിങ്ങള്‍ പറയുന്നതിന്‍പ്രകാരം സുപ്രീംകോടതിവിധി വരണമെന്നല്ലേ നിങ്ങള്‍ പറഞ്ഞത്. ഒരു രാജ്യത്തെ ഭരണകക്ഷിയുടെ തലവന്റെ ഭാഗത്തുനിന്ന് വരേണ്ട വാദമാണോ അത്. എത്ര നിസാരമായാണ് രാജ്യത്തെ പരമോന്നതമായ കോടതിയെ നിങ്ങള്‍ കണ്ടത്. അല്‍പ്പത്തമല്ലേ അത്. ജനാധിപത്യ വിരുദ്ധമായ നിലപാട് സ്വീകരിക്കാമോ. സുപ്രീംകോടതിയെ ഭയപ്പെടുത്താന്‍ നോക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടം പോലെ എടുത്ത് കയ്യാളാന്‍ പറ്റുന്ന സാധനമല്ല കേരളത്തിലെ ഗവണ്‍മെന്റെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്നും പാലക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോഴുള്ള അറസ്റ്റ് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണ്. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top