പിണറായിയിലെ കുടുംബത്തിലെ ദുരൂഹമരണം കൊലപാതകം; സൗമ്യ അറസ്റ്റില്‍

arrest

തലശ്ശേരി: പിണറായിയിലെ കുടുംബത്തിലെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് വീട്ടമ്മ സൗമ്യ സമ്മതിച്ചിരുന്നു

പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് സൗമ്യ കുറ്റസമ്മതിച്ചത്. സംഭവത്തില്‍ സൗമ്യയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഇവരെ ചോദ്യം ചെയ്തത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. എന്നാല്‍ ഇവയെ കുറിച്ചൊന്നും അന്വേഷണവും നടന്നിരുന്നില്ല. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു നാലുപേരും വൈദ്യസഹായം തേടിയിരുന്നത്. കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നില്ല. എന്നാല്‍ ആ മാര്‍ച്ചില്‍ കമല മരിച്ചപ്പോള്‍ മൃതദേഹ പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. മൃതദേഹ പരിശോധനയ്ക്കു ശേഷമാണ് കമലയുടെ ശരീരം സംസ്‌കരിച്ചത്. എന്നാല്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിരുന്നുമില്ല.

Top