Pinarayi statement about kerala police

കണ്ണൂര്‍: ലാത്തിയും തോക്കും ഉപയോഗിച്ചല്ല ക്രമസമാധാപാലനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍ദക പൊലീസല്ല കേരളത്തിന് വേണ്ടത്. ജന മൈത്രിയുടെ പൊലീസാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ പാസിങ് ഔട്ട പരേഡ് അഭിവാദ്യം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാപാലനം ബലം പ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നല്ല. ഇവ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. ജനങ്ങളുമായുള്ള സഹകരണം, പങ്കാളിത്തം എന്നിവയിലൂടെ നാടിന്റെ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളിയാവാന്‍ പൊലീസിന് കഴിയുമെന്നും പിണറായി വ്യക്തമാക്കി.

കൊല്ലത്ത് വാഹന പരിശോധനക്കിടെ വയര്‍ലെസ് സെറ്റ് കൊണ്ട് പൊലീസ് യാത്രക്കാരനെ മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പൊലീസിന്റെ സഹായം വേണ്ട. പൊലീസ് അവരുടെ പണി ചെയ്യണം. മനുഷ്യനോട് ഒത്തുപോകുന്നതാകണം പൊലീസിന്റെ നിലപാട്. അത് നീതിയുക്തവും നിഷ്പക്ഷവുമാകണം. സര്‍ക്കാരുകള്‍ മാറും എന്നാല്‍, പൊലീസിന്റെ നിലപാട് മാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു

Top