pinarayi statement about election result

കണ്ണൂര്‍: സംസ്ഥാനത്ത് യുഡിഎഫിന്റെ അഴിമതി ഭരണത്തിനും വര്‍ഗ്ഗീയ ശക്തികള്‍ക്കും എതിരായ വിധിയെഴുത്തെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇടതുപക്ഷത്തിന് മികച്ച വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദി പറയുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരായ നിലപാട് കേരളം ഉയര്‍ത്തിപ്പിടിച്ചു എന്നും പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

ഇടതുപക്ഷത്തിന് ശ്രദ്ധേയമായ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ജനങ്ങള്‍ക്ക് നന്ദി പറയുന്നു. കേരളത്തിലെ എല്ലാ മൂല്യങ്ങളെയും യുഡിഎഫ് നശിപ്പിച്ചു. കേരളത്തിലെ സര്‍ക്കാരിന്റെ ജീര്‍ണ്ണതയ്‌ക്കെതിരായ വിധിയെഴുത്താണിത്. വര്‍ഗ്ഗീയ വിധ്വംസക ശക്തികളെ അകറ്റി നിര്‍ത്തിയ ഫലമാണ് ജനങ്ങള്‍ സമ്മാനിച്ചത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

നേമത്ത് കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നേട്ടം ഉണ്ടാക്കാനായത്. കഴിഞ്ഞ തവണ ചാരുപാറ രവിക്ക് ലഭിച്ച വോട്ടുപോലും യുഡിഎഫിന് നേമത്ത് നേടാനായില്ല. അന്നും കോണ്‍ഗ്രസ് വോട്ട് മറിച്ചു. അതില്‍നിന്നും 8,000ലധികം വോട്ടുകള്‍ ഇത്തവണ നഷ്ടപ്പെട്ടു. നേമത്ത് തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ജയത്തിനായി വോട്ട് മറിച്ചു. തെരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ ജനങ്ങള്‍ ഇടപെട്ടു. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ വിജയമാണ് ഇതെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷം മുന്നോട്ട് വച്ച വികസന കാഴ്ചപ്പാടുകള്‍ക്ക് അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നാടിന്റെ ആവശ്യം അറിഞ്ഞ് ഇടപെട്ടു. ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടത്. ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ തയ്യാറാകും. ജനങ്ങളെ നിരാശപ്പെടുത്താന്‍ ഇടതുപക്ഷം തയ്യാറാവില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.

Top