രാഹുലിന്റെ ആഗ്രഹം പോലെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎമ്മിനെ കിട്ടില്ല:പിണറായി

കൊല്ലം: രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് പോലെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎമ്മിനെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായെല്ലാം സഹകരിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് സഖ്യം രാഷ്ട്രീയമാണ്. അത് നയത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നവരും ജനവിരുദ്ധ താത്പര്യം സംരക്ഷിക്കുന്നവരും തമ്മില്‍ കൂട്ടുകെട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ആശ്രാമം മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഭരണം മാറിയിട്ടും ജനങ്ങള്‍ക്ക് ആശ്വാസമുണ്ടായില്ല. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തരായിരുന്നു. ഇതിനെ ബി.ജെ.പി ശക്തമായി മുതലെടുത്തു. ഒരു വിഭാഗം ജനങ്ങള്‍ അത് വിശ്വസിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയിട്ടും ജനങ്ങളുടെ ദുരിതം മാറിയില്ല. ആഗോളീകരണ ഉദാരവത്കരണ നയങ്ങള്‍ മോദി സര്‍ക്കാരും ശക്തമായി പിന്തുടരുകയാണ്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ തമ്മില്‍ യാതൊരു അന്തരവുമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതന്യൂനപക്ഷങ്ങളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. പശുവിന്റെ പേരിലും മാംസം കഴിച്ചതിന്റെ പേരിലും പ്രണയ വിവാഹങ്ങളുടെ പേരിലും ആളുകള്‍ കൊല്ലപ്പെടുന്നു.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമുള്ള കണക്കുകള്‍ പ്രകാരം ഓരോ പതിനെട്ട് മിനിട്ടിലും രാജ്യത്ത് ഒരു പട്ടികജാതിക്കാരന്‍ ആക്രമിക്കപ്പെടുന്നു. ഓരോ ദിവസവും മൂന്ന് ദളിത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദളിതര്‍ വീതം കൊല്ലപ്പെടുന്നു, രണ്ട് ദളിത് ഭവനങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ടെന്നും പിണറായി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാകാര്യങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top