PINARAYI STATEMENT

തിരുവനന്തപുരം: എസ്.ഡി.പി.ഐ ആളെക്കൊല്ലി സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളുപ്പത്തില്‍ ആളുകളെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

കോഴിക്കോട് കുറ്റ്യാടിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനകള്‍ ചിലതുണ്ട്. അതിലൊന്നാണ് എസ്.ഡി.പി.ഐ. ഈ സംഘടനയുടെ പ്രവര്‍ത്തനം പരിശോധിക്കും. പൊലീസ് സ്‌റ്റേഷനുകളില്‍ സല്‍കാരം നല്‍കുന്ന കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.

ലീഗ് പ്രവര്‍ത്തകന്റെ കൊല രാഷ്ട്രീയ വിരോധം മൂലമാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം, എസ്.ഡി.പി.ഐയോട് മൃദു സമീപനം പുലര്‍ത്തുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുസ്ലീംലീഗിനെ ക്ഷീണിപ്പിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐയെ കൂട്ടു പിടിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു

Top