ട്രെയിനുകള്‍ കൃത്യസമയം പാലിക്കണം; റെയില്‍വെ മന്ത്രിക്ക് പിണറായിയുടെ കത്ത്‌

pinaray vijayan

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി. ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ഉത്കണ്ഠകുലരാണെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിരന്തരം ട്രെയിനുകള്‍ വൈകുന്നതിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നതോടൊപ്പം മാധ്യമങ്ങളില്‍ റെയിവെക്കെതിരായ വാര്‍ത്തകള്‍ സ്ഥാനം പിടിക്കുകയാണെന്നും, സമയ കൃത്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ 68 റെയില്‍വെ ഡിവിഷനുകളില്‍ 63ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന് ഉളളതെന്ന ദുഃഖസത്യം കൂടി ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ പരിഹസിച്ചു.

ട്രാക്കുകള്‍ മാറ്റുന്നതടക്കമുളള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരം- കാസര്‍കോട് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന തരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ താങ്കളുടെ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും പുകമറ സൃഷ്ടിച്ച്, വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്‌കരിച്ച് യാത്രക്കാരെ കബളിപ്പിക്കാനാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Top