ബി.ജെ.പിക്ക് “ചക്ര പൂട്ടിട്ട്” പിണറായി പൊലിസിന്റെ തന്ത്രപരമായ നീക്കം !

കേരളം ഭരിക്കുക എന്നത് ബി.ജെ.പിക്കു മാത്രമല്ല യു.ഡി.എഫിനും കിട്ടാക്കനിയായി തന്നെ മാറും. അതിനുള്ള സാധ്യതയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നത്. പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പ്രതിപക്ഷം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളിലും രൂക്ഷമായ ഭിന്നതയാണുള്ളത്. കുഴല്‍പ്പണ വിവാദം ബി.ജെ.പിയുടെ ഉള്ള വിശ്വാസ്യതയും തകര്‍ത്തു കളഞ്ഞു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയാണ് പണം കവര്‍ച്ചാ കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഏത് നിമിഷവും ഉന്നത നേതാവ് ഉള്‍പ്പെടെ അറസ്റ്റിലാവാനും സാധ്യതയുണ്ട്.

ദേശീയ തലത്തില്‍ ഉള്‍പ്പെടെ പ്രത്യാഘാതം സൃഷ്ടിക്കുന്ന ആ നിമിഷത്തിനായാണ് മാധ്യമ പ്രവര്‍ത്തകരും കാത്തു നില്‍ക്കുന്നത്. തട്ടിയെടുത്ത മൂന്നര കോടിയില്‍ ഒരു കോടി ഇതിനകം തന്നെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ നല്‍കിയ മൊഴികളും ബി.ജെ.പി നേതൃത്വത്തിന് എതിരാണ്. വന്‍തോതില്‍ ഒഴുക്കിയ കള്ളപ്പണത്തിന്റെ ചെറിയ ഒരംശം മാത്രമാണ് ഈ മൂന്നരക്കോടിയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ചില നിര്‍ണ്ണായക വിവരങ്ങള്‍ ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള 35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി കണ്ടെത്തിയിരുന്നത്. ഇതില്‍ ചില മണ്ഡലങ്ങളില്‍ ആറുകോടി രൂപവരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തിയതായാണ് വിവരം. ബി.ജെ.പി.യിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരിലായിരുന്നു ഈ വിവേചനമെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് അയച്ച കത്തിലാണ് ഈ ആവശ്യം. ഈ വിവരങ്ങളും ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആവശ്യപ്പെടുന്നുണ്ട്.

ബി കാറ്റഗറിയില്‍പ്പെട്ട 25 മണ്ഡലങ്ങളില്‍ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോള്‍ കുറേപേര്‍ക്ക് ഒരു കോടി രൂപ മാത്രമായി ഒതുക്കിയതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പത്തിടത്ത് അമ്പതു ലക്ഷംവീതവും അവശേഷിച്ച മണ്ഡലങ്ങളില്‍ 25 ലക്ഷം വീതവുമാണ് നല്‍കിയിരുന്നത്. സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം. ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും ഫിനാന്‍സ് കമ്മിറ്റിക്ക് രൂപം നല്‍കാതെയായിരുന്നു ഈ പ്രവര്‍ത്തനമെന്നുമാണ് വിമത വിഭാഗം ആരോപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വകമാറ്റിയ ഫണ്ട് ചില നേതാക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിക്ഷേപിച്ചതായും ബി.ജെ.പി ദേശീയ നേതൃത്വത്തിന് അയച്ച കത്തില്‍ ആരോപിച്ചിട്ടുണ്ട്.

ബി.ജെ.പിയിലെ ഈ ആഭ്യന്തര തര്‍ക്കം അന്വേഷണ സംഘത്തിനാണിപ്പോള്‍ ഗുണം ചെയ്തിരിക്കുന്നത്. എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഇതിനിടെ കുഴല്‍പ്പണ കവര്‍ച്ച കേസിനു പുറമെ സി.കെ ജാനുവിന് കളളപ്പണം നല്‍കിയതായ ആരോപണവും ബി.ജെ.പി നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ ഗുരുതര ആരോപണത്തില്‍ ദേശീയ നേതൃത്വവും പകച്ച് നില്‍ക്കുകയാണ്. പിണറായി പൊലീസ് പിടിമുറുക്കിയാല്‍ കര്‍ണ്ണാടകയിലെ ബി.ജെ.പി ഉന്നതരും കുടുങ്ങുമെന്നതാണ് നിലവിലെ സ്ഥിതി. കോടികള്‍ അതിര്‍ത്തി കടന്ന് എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണെന്ന് ഇതിനകം തന്നെ കേരള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളളപ്പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതും ഈ കേസിനെ സംബന്ധിച്ച് അനിവാര്യമാണ്.

കള്ളപ്പണ ഇടപാടില്‍ നടപടിയെടുക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോക്കുകുത്തിയായി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു ചാനല്‍ അവതാരകനെ വിരട്ടാന്‍ നോക്കിയെന്ന ആരോപണവും ഈ കേന്ദ്ര ഏജന്‍സി ഇപ്പോള്‍ നേരിടുന്നുണ്ട്. കളളപ്പണത്തിന്റെ ഉറവിടം കേരള പൊലീസ് കണ്ടെത്തിയാല്‍ ബി.ജെ.പി ദേശീയ നേതൃത്വമാണ് പ്രതിസന്ധിയിലാകുക. കേന്ദ്ര സര്‍ക്കാറിനെ പോലും പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് കേരള പൊലീസ് നടത്തി കൊണ്ടിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സും പൊലീസ് നീക്കങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്താണ് കൊടകരയില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച് ഐ.ബി ഇതിനകം തന്നെ കേന്ദ്രത്തിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതോടെ കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും പുറത്താക്കണമെന്ന വികാരമാണ് സംഘപരിവാറിനുള്ളത്.

എന്നാല്‍ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ എതിരായി മൊഴി കൊടുത്താല്‍ കുരുക്ക് മുറുകുമെന്ന ഭയമാണ് ദേശീയ നേതൃത്വത്തെ നടപടി സ്വീകരിക്കുന്നതില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നത്. രാജ്യത്തെ കള്ളപ്പണ വിനയോഗത്തിനെതിരെ നോട്ട് നിരോധനം ഉള്‍പ്പെടെ കൊണ്ടുവന്ന മോദി സര്‍ക്കാറിന് ബി.ജെ.പിയുടെ കള്ളപ്പണ വിനയോഗം കയ്യോടെ പിടികൂടിയത് അപ്രതീക്ഷിത പ്രഹരം തന്നെയാണ്. കെ.സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്ര കള്ളപ്പണ വിതരണത്തിനായിരുന്നു എന്ന ആരോപണത്തിനും ഫലപ്രദമായ ഒരു മറുപടി നല്‍കാന്‍ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരിവാര്‍ നേതാക്കള്‍ നടത്തുന്ന പോരാട്ടം കൊടകര സംഭവത്തോടെ പുതിയ ഘട്ടത്തിലാണിപ്പോള്‍ എത്തി നില്‍ക്കുന്നത്. ബി.ജെ.പി കേരള ഘടകം ദേശീയ നേതൃത്വത്തെ സംബന്ധിച്ച് ഇപ്പോള്‍ വലിയ ബാധ്യത ആയാണ് മാറിയിരിക്കുന്നത്. സംസ്ഥാനത്ത് ഉണ്ടായിരുന്ന ഏക സീറ്റു കൂടി നഷ്ടപ്പെടുത്തിയതും ദേശീയ നേതൃത്വത്തെ ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാതെ ഒരു സാധ്യതയും കേരളത്തില്‍ ബി.ജെ.പിക്കില്ലന്നാണ് ദേശീയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കമ്യൂണിസ്റ്റുകള്‍ക്കുള്ള സ്വീകാര്യത കേരളത്തില്‍ വളരെ കൂടുതലാണ്. അതാകട്ടെ കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം ഹിന്ദുക്കള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും സി.പി.എമ്മാണ്. ഇപ്പോള്‍ മുസ്ലീം,ക്രൈസ്തവ വിഭാഗത്തിലും വലിയ സ്വാധീനമാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഉള്ളത്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും പ്രതിപക്ഷത്തിന് കേരളത്തില്‍ സ്‌കോപ്പില്ലന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിഗമനം. അസംതൃപ്തരായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടലും ഇപ്പോള്‍ തകര്‍ന്നിട്ടുണ്ട്. അതിനു പ്രധാന കാരണം നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം തന്നെയാണ്.

കുഴല്‍പ്പണ ഇടപാടു കൂടി വന്നതോടെ ബി.ജെ.പിയിലേക്ക് മാറാന്‍ തീരുമാനിച്ചവരും ആ നീക്കം ഉപേക്ഷിച്ച മട്ടാണുള്ളത്. യു.ഡി.എഫ് അസംതൃപ്തര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇടതുപക്ഷ പാര്‍ട്ടികളെയാണ്. ഇടതുപക്ഷം വാതില്‍ തുറന്നാല്‍ ഇടിച്ചു കയറാന്‍ തയ്യാറായാണ് അസംതൃപ്തരുടെ നില്‍പ്പ്. ആര്‍.എസ്.എസ് നേതൃത്വത്തിനും ഈ സാഹചര്യം അപ്രതീക്ഷിതമാണ്. ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ള സംസ്ഥാനമായതിനാല്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വവും കേരള ഘടകത്തോട് പ്രത്യേക മമതയാണ് കാണിച്ചിരുന്നത്. ഈ പരിഗണന യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യുകയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം ചെയ്തിരിക്കുന്നത്.

രാജ്യത്ത് എറ്റവും അധികം ബലിദാനികള്‍ ഉള്ള സംസ്ഥാനം കൂടിയായതിനാല്‍ ബി.ജെ.പി ആര്‍.എസ്.എസ് ദേശീയ നേതൃത്വങ്ങള്‍ കേരളത്തിലെ ബി.ജെ.പിക്ക് വലിയ പരിഗണനയാണ് നല്‍കിയിരുന്നത്. വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായതും ഈ പശ്ചാത്തലത്തില്‍ തന്നെയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ കണക്കുകള്‍ എല്ലാം വോട്ടെണ്ണിയപ്പോള്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതും ബി.ജെ.പി ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ച ഘടകമാണ്. ഇതിനു പിന്നാലെ കവര്‍ച്ചാ കേസുകൂടി വന്നതോടെ കേരള ഘടകത്തെ കൈവിട്ട അവസ്ഥയാണുള്ളത്.

കേരളത്തെ കാവിയണിയിക്കുക എളുപ്പമല്ലന്നത് വൈകിയാണെങ്കിലും ഇപ്പോള്‍ ബി.ജെ.പി ദേശീയ നേത്യത്വത്തിന് തന്നെ മനസ്സിലായി കഴിഞ്ഞു. കേരളത്തിലെ ബി.ജെ.പിയില്‍ വലിയ ഒരു പൊളിച്ചെഴുത്തിനുള്ള സാധ്യതയാണ് ഇതോടെ വര്‍ദ്ധിച്ചിരിക്കുന്നത്. ആര്‍.എസ്.എസിലും ചില മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ട്. ഇതുവരെ ലഭിച്ച പരിഗണനകള്‍ എന്തായാലും ഇനി കേരളത്തിലെ പരിവാര്‍ നേതൃത്വത്തിന് ലഭിക്കില്ലന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് മാനക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ സാക്ഷാല്‍ നരേന്ദ്രമോദിയും വലിയ രോഷത്തിലാണുള്ളത്. ഈ സാഹചര്യത്തില്‍ ബി.ജെ.പി കേരള ഘടകം പിരിച്ചുവിടപ്പെട്ടാലും വി.മുരളീധരന്റെ കേന്ദ്ര മന്ത്രിപദം തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് നിലവിലെ അവസ്ഥ.

Top