വൈദ്യുത നിയമ ഭേദഗതി, സാധാരണക്കാരന്റെ വൈദ്യുതി നിരക്ക് കൂടും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാല്‍ സാധാരണക്കാരന്റെ വൈദ്യുതിനിരക്ക് ക്രമാതീതമായി കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവര്‍ക്കു വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യും. കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഇ.ബി.ഒ.എ) 22ാം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈദ്യുതി വിതരണ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കടന്നു വരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നതാണ് ഇപ്പോഴത്തെ നിയമ ഭേദഗതി. ഏതു സേവനദാതാവിനെ വേണമെന്ന് ഉപഭോക്താവിനു തീരുമാനിക്കാമെന്നതു ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഏതു പ്രദേശത്ത് ആര്‍ക്ക് വൈദ്യുതി നല്‍കണമെന്നു വിതരണക്കാര്‍ തീരുമാനിക്കുന്നതോടെ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി കിട്ടാതെ വന്നേക്കാം. നിലവിലുള്ള ക്രോസ് സബ്‌സിഡി ഇല്ലാതായില്‍ ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയരും. എല്ലാവര്‍ക്കും വൈദ്യുതി ഉറപ്പുനല്‍കുന്ന സാര്‍വത്രിക വൈദ്യുതീകരണം എന്ന സര്‍ക്കാര്‍ സംവിധാനം ഇല്ലാതാകും.

രാജ്യത്തെ വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കമുണ്ടായപ്പോള്‍തന്നെ അതു കേരളത്തെ ബാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും സ്വീകരിച്ചിരുന്നത്. നിയമ ഭേദഗതി ബില്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍ കടന്നുകയറുന്നതും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണസംവിധാനം എങ്ങനെ സ്വകാര്യവത്കരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ്. ഇതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം ഐകകണ്‌ഠേന പാസാക്കുകയുണ്ടായി.

അടുത്ത 5 വര്‍ഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിക്കാനുളള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന് വൈദ്യുതി മേഖലയുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കുന്നത്. എല്ലാ സേവന മേഖലയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി. പൊതു മേഖലയെ ഒന്നാകെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Top